08:19pm 05 September 2026
NEWS
വീട്ടിൽ കയറി അതിക്രമം കാട്ടിയത് രമ്യ ഹരിദാസ് എംഎൽഎയെന്ന് കോൺ​ഗ്രസ് നേതാവ്
05/09/2026  10:07 AM IST
nila
വീട്ടിൽ കയറി അതിക്രമം കാട്ടിയത് രമ്യ ഹരിദാസ് എംഎൽഎയെന്ന് കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ രമ്യാ ഹരിദാസിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പ്രാദേശിക നേതാവ് സജാദ്. രമ്യ ഹരിദാസ് എംഎൽഎയ്ക്ക് മർദനമേറ്റെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സജാദ് പറഞ്ഞു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് എംഎൽഎയും സംഘവും വീട്ടിലെത്താനും പിന്നീട് സംഘർഷമുണ്ടാകാനും കാരണമെന്നും സജാദ് ആരോപിച്ചു. പാർട്ടിയിൽ ഔദ്യോഗിക പദവികളില്ലാത്ത പാളയം പ്രദീപ് പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നതിനെ ചോദ്യം ചെയ്താണ് താൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതെന്ന് സജാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ചിത്രം പുറത്തുവന്നതിനെ തുടർന്നായിരുന്നു പോസ്റ്റ്.

താൻ എംഎൽഎയെയോ സംഘത്തെയോ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടതിനു പിന്നാലെ അവർ സ്വമേധയാ വീട്ടിലെത്തുകയായിരുന്നുവെന്നും സജാദ് പറഞ്ഞു. വീടിന് സമീപത്തെ സ്ഥാപനത്തിൽ നിൽക്കുകയായിരുന്ന തന്നെ ഭാര്യയെയും മകളെയും കാണണമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

വീട്ടിലെത്തിയ സംഘം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മകളെക്കൊണ്ട് ഫോണിൽനിന്ന് ഉറക്കെ വായിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും സജാദ് പറഞ്ഞു. മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കുന്നതിനെ താൻ എതിർത്തതോടെ തർക്കം രൂക്ഷമായി. ഇതിനിടെ എത്തിയ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് എംഎൽഎയുടെ നടപടിയെ ചോദ്യം ചെയ്തതിനു പിന്നാലെ കയ്യാങ്കളിയുണ്ടായെന്നും സജാദ് ആരോപിച്ചു.

സംഘർഷത്തിനിടെ വീട്ടിലുണ്ടായിരുന്ന കസേരകൾ ഉൾപ്പെടെ തകർത്തതായും സജാദ് പറഞ്ഞു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെയും ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെയും രമ്യ ഹരിദാസ് മർദിച്ചതായും അദ്ദേഹം ആരോപിച്ചു. അതിക്രമം നടത്തിയതിനും വീട്ടിൽ നാശനഷ്ടം വരുത്തിയതിനുമെതിരെ സജാദ് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എംഎൽഎയുടെ വിശദീകരണം

അതേസമയം, സജാദ് ക്ഷണിച്ചതനുസരിച്ചാണ് തങ്ങൾ വീട്ടിലെത്തിയതെന്നാണ് രമ്യ ഹരിദാസിന്റെയും സംഘത്തിന്റെയും വിശദീകരണം. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. ഈ ആരോപണം സജാദ് നിഷേധിച്ചു. താൻ വ്യക്തിപരമായ ഉത്തരവാദിത്തത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതെന്നും ആരെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘർഷത്തിന് പിന്നാലെ സജാദ് പൊലീസിൽ പരാതി നൽകിയ ശേഷമാണ് എംഎൽഎയും സംഘവും ആശുപത്രിയിലെത്തി പരാതി നൽകിയതെന്നും സജാദ് ആരോപിച്ചു. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികൾ ചിറയിൻകീഴ് പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കോൺഗ്രസിൽ വിവാദം ശക്തം

സംഭവം കോൺഗ്രസ് പാർട്ടിക്കുള്ളിലും വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. പാർട്ടി കാര്യങ്ങളിൽ സാമൂഹ്യമാധ്യമത്തിലൂടെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ വീട്ടിലെത്തി അതിക്രമം നടത്തിയെന്നാരോപിച്ച് കെപിസിസിക്കും ഡിസിസിക്കും പരാതി നൽകുമെന്ന് സജാദ് അറിയിച്ചു.

സജാദിന്റെ ഭാര്യ സിനിയും എംഎൽഎയ്ക്കും സംഘത്തിനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. എംഎൽഎ ഒപ്പമുണ്ടായിരുന്നതിനാലാണ് വീടിന്റെ വാതിൽ തുറന്നതെന്നും മകളെ ഭീഷണിപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ് നിർബന്ധിച്ച് വായിപ്പിക്കാൻ ശ്രമിച്ചെന്നും സിനി ആരോപിച്ചു. ഇതിനെ എതിർത്ത തന്നെ പാളയം പ്രദീപ് പിടിച്ചുതള്ളിയെന്നും അവർ പറഞ്ഞു.

സംഘർഷത്തിനിടെ തനിക്ക് മർദനമേറ്റെന്നും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അധ്യാപകനെയും മർദിച്ചതായും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ആരോപിച്ചു. ഉറങ്ങിക്കിടന്ന കോളജ് വിദ്യാർഥിനിയായ സജാദിന്റെ മകളെ പാളയം പ്രദീപിന്റെ ഫോണിൽനിന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് വായിപ്പിക്കാൻ നിർബന്ധിച്ചെന്നും സജിത്ത് പറഞ്ഞു. രാത്രി വീട്ടിലെത്തി പെൺകുട്ടിയെ കരയിപ്പിക്കുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് തനിക്കുനേരെ രമ്യ ഹരിദാസ് കയ്യേറ്റം നടത്തിയതെന്നും സജിത്ത് ആരോപിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇരുവിഭാഗവും പരസ്പരം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലും നിർണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img